
ഇടുക്കി: വന്യജീവികൾ ജനവാസ മേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കും കടന്നുകയറുന്നത് തടയുന്നതിനായി ജനങ്ങൾ നിർമ്മിച്ചിട്ടുള്ള വേലികളും മതിലുകളും പൊളിച്ചുമാറ്റണമെന്ന ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ് പിന്‍വലിക്കണമെന്ന് ഇടുക്കി രൂപത മീഡിയ കമ്മിഷൻ ഡയറക്ടർ ഫാ. ജിൻസ് കാരയ്ക്കാട്ട് ആവശ്യപ്പെട്ടു.
2026 സെപ്റ്റംബർ 23-ന് ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിൽ പുറപ്പെടുവിച്ച ഉത്തരവ് ജനങ്ങളുടെ സുരക്ഷയെ അവഗണിക്കുന്നതാണെന്ന് ഫാ. ജിൻസ് കാരയ്ക്കാട്ട് പറഞ്ഞു.
ഇടുക്കി ജില്ലയിലെ വന്യജീവി ആക്രമണങ്ങളുടെ പ്രധാന കാരണം വന്യജീവികളുടെ സഞ്ചാരപാതകൾ വേലികളും മതിലുകളും ഉപയോഗിച്ച് തടസ്സപ്പെടുത്തിയതാണെന്ന ഉത്തരവിലെ കണ്ടെത്തൽ ശാസ്ത്രീയമായ പഠനങ്ങളുടെ പിൻബലമില്ലാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വന്യജീവികൾ ജനവാസ മേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കും കടന്നുകയറാതിരിക്കാൻ ജനങ്ങൾ സ്വന്തം നിലയിൽ ഒരുക്കുന്ന അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളാണ് ഇത്തരം വേലികളും മതിലുകളും. അവ പൊളിച്ചുമാറ്റണമെന്ന് നിർദേശിക്കുന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും കൂടുതൽ ഭീഷണി സൃഷ്ടിക്കുമെന്നും ഫാ. ജിൻസ് കാരയ്ക്കാട്ട് പറഞ്ഞു.
വനാതിർത്തികളിൽ സോളാർ വേലി, ഫെൻസിംഗ് തുടങ്ങിയ പ്രതിരോധ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനും ഈ ഉത്തരവ് ഭാവിയിൽ തടസ്സമാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വന്യജീവി ആക്രമണങ്ങൾ നിയന്ത്രിക്കുന്നതിന് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന ശാസ്ത്രീയവും പ്രായോഗികവുമായ നടപടികളാണ് ആവശ്യമായത്.
വന്യജീവികളെ വനത്തിനുള്ളിൽ നിയന്ത്രിക്കുന്നതിനും അവയുടെ ജനവാസ മേഖലയിലേക്കുള്ള കടന്നുകയറ്റം തടയുന്നതിനുമുള്ള ഫലപ്രദമായ സംവിധാനങ്ങൾ ഒരുക്കുന്നതിന് പകരം നിലവിലുള്ള പ്രതിരോധ സംവിധാനങ്ങൾ നീക്കം ചെയ്യുന്നത് പ്രശ്നത്തിന് പരിഹാരമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആവശ്യമായ ഗവേഷണങ്ങളും ശാസ്ത്രീയ പഠനങ്ങളും നടത്തി ബന്ധപ്പെട്ട ജനപ്രതിനിധികളുമായും കർഷകരുമായും പ്രദേശവാസികളുമായും കൂടിയാലോചിച്ച ശേഷമേ ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളാവൂ. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്ന തരത്തിൽ ഉത്തരവ് പുനഃപരിശോധിച്ച് പിന്‍വലിക്കണമെന്നും ഫാ. ജിൻസ് കാരയ്ക്കാട്ട് ആവശ്യപ്പെട്ടു.
ലേഖകൻ
-
View all posts
Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.


























