
സ്വപ്നം സമ്മാനിച്ചവർ ഇറങ്ങി പോകുമ്പോൾ ഉറക്കം കൂടി മോഷ്ടിക്കുന്നതെന്തിനാണ്? ചോദ്യമാണ്.
നാമമാത്രമായ വാക്കുകൾ കൊണ്ട് വരച്ചിടുന്ന വാങ്മയ ചിത്രങ്ങൾക്കൊടുവിൽ ഉതിർക്കുന്ന ചോദ്യശരങ്ങൾക്ക് വായനക്കാരായ നമ്മുടെ ഹൃദയത്തെ തുളയ്ക്കാനുള്ള മൂർച്ചയുണ്ട്. താളുകളിൽ നിറയെയുള്ള ആ ബാല്യകാല ചിന്തകളിൽ.
കപ്പൂച്ചിൻ വൈദികനും പ്രഭാഷകനും എഴുത്തുകരനും ചിന്തകനും പരമ സാത്വികനുമായ ബോബി ജോസ് കട്ടിക്കാടിൻ്റെ പുസ്തകം – ‘വെറുമൊരോർമ്മതൻ കുരുന്നുതൂവൽ’
കാലഗണനകൾ മണ്ണിരയിട്ട് വളർത്തിയിട്ടും ആ ഓർമ്മകൾക്കിപ്പോഴും ബാല്യമാണ്.. വാക്കുകൾക്കിടയിൽ മാണിക്യമൊളിപ്പിച്ച പോലെ ഏതാനും വരികൾ കൊണ്ടാണ് അതിൻ്റെ ഓർത്തെടുക്കൽ. തൊണ്ണൂറ്റിയഞ്ച് കുഞ്ഞധ്യായങ്ങളുള്ള പുസ്തകം, വേണമെങ്കിൽ ഒറ്റയിരുപ്പിൽ തന്നെ വായിച്ചു തീർക്കാം. പക്ഷേ, അങ്ങനെ ചെയ്യാതിരിക്കലാണ് ലാഭം.തികച്ചും ദാർശനികപരമായ ഓരോ ഓർമ്മയുടെയും വാക്കുകളിൽ അന്ത്യത്തിൽ, നിഗൂഡവും നിസ്വാർത്ഥവുമായ ചില ചിന്തിച്ചെടുക്കലുകൾ വായനക്കാരൻ്റെ ഉത്തരവാദിത്വത്തിലേക്ക് മാറ്റിവെച്ചിട്ടുണ്ട്. അത് ശ്രദ്ധിക്കാതെ പോകുന്നത് നഷ്ടകരംതന്നെയെന്നാണ് എൻ്റെ വിനീതമായ അഭിപ്രായം.
കണക്കിൽ വിജയിക്കാത്തവൻ സന്യാസിയാകണെമെന്ന അനുഭവ സാക്ഷ്യം കേൾക്കുമ്പോൾ, നല്ലൊരു മനുഷ്യനാകാനുള്ള അടിസ്ഥാന യോഗ്യത കണക്കെന്ന മാരണത്തിന് മുമ്പിലെ ദയനിയമായ പരാജയമാണെന്ന് തിരിച്ചറിയും. അതുമാത്രമോ?
വേദവിന്യാസങ്ങളിൽ മറഞ്ഞിരിക്കുന്ന പരമമായ സത്യബോധമാണ് ദൈവം, ആ അവബോധമുള്ളവനെ ദൈവത്തെ അന്വേഷിക്കുന്ന യഥാർത്ഥ അന്വേഷകനാകു. പ്രപഞ്ചത്തിൽ കാണുന്നവയിൽ നിന്നും ഭൂമിയിൽ അവതരിക്കാൻ പ്രകടിപ്പിച്ച മഹാമനസ്കതയിൽ നിന്നും മാനവസത്യത്തിൻ്റെ പൊരുൾ തേടണം. എന്താണ് സത്യമെന്ന ചോദ്യത്തിന് മുമ്പിൽ ജീസസുപോലും മൗനം പൂണ്ടു നിന്നുവെന്നാണ് ചരിത്രം.
പ്രതിഭയാണ്. പൂർവ്വാശ്രമത്തിലും ഇറങ്ങിത്തിരിച്ച അർപ്പണ ജീവിതത്തിലും. ദൈവത്തെ തിരയുന്ന വഴികളിലെ വിശ്രമ കേന്ദ്രത്തിലിരുന്ന് അതുവരെ സഞ്ചരിച്ച വഴികളെ ഓർക്കുമ്പോൾ, ഒരിക്കലും അടിയറവ് പറയാത്ത അവസ്ഥാന്തരങ്ങളിൽ, അന്തരംഗത്തിലുരുവായ ലക്ഷ്യബോധത്തെ തിരിച്ചറിയുമ്പോൾ ‘കല്ലുകളും കൂർത്ത മുള്ളുകളും നിർലോഭം വാരിവിതറപ്പെട്ട വഴികളിലൂടെ പാദരക്ഷാരഹിതനായി മാത്രം നടക്കുമ്പോൾ, അതിൻ്റെ രേഖപ്പെടുത്തലുകൾക്കെല്ലാം ദാർശികപരമായ ഉൾവെട്ടം വ്യാപരിച്ചു നിൽക്കുമ്പോൾ, ഒരു എളിയ വായനക്കാരനെന്ന നിലയിൽ എവിടെയെക്കയോ കണ്ണിൽ നക്ഷത്രം തെളിഞ്ഞു.
ക്രിസ്മസ് നക്ഷത്രങ്ങൾ ചുറ്റിനും മിന്നി തുടങ്ങുന്നു. ലോകം തിരുപ്പിറവിയുടെ അനുസ്മരണത്തിലേക്ക് കടക്കുന്നു.
ശൈത്യകാല രാത്രികൾ പ്രകാശപൂരിതമാകുന്ന സന്തോഷത്തിൻ്റെ കൊണ്ടാടലിലേക്ക് കടക്കവേ ഒരു സ്നേഹിത തൻ്റെ ക്രിസ്മസ് സമ്മാനമായി ഏതാനും നാൾമുമ്പ് അയച്ചു തന്നതാണ് ഈ പുസ്തകമെന്നത് ഈ കുറിപ്പിനോട് ചേർത്ത് വായിക്കാനപേക്ഷ. വായനയുടെ ലോകമെന്നത് ടെലിപ്പതിയെ ഉണർത്തുന്ന ഒരു പ്രഹേളികയാണെന്ന് തിരിച്ചറിഞ്ഞു പോകുകയാണ്. അവിടെ, ജീവിതത്തിൽ ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത ഒരാൾ മറ്റൊരാളുടെ വായനാവിഷയത്തെ കൃത്യമായി നിരൂപിക്കുന്നു. അതാണ് വായനയുടെ വിജയമെന്ന് കരുതുന്നു.
- 𝗕𝗼𝗯𝗮𝗻 𝗩𝗮𝗿𝗮𝗽𝗽𝘂𝘇𝗵𝗮
ലേഖകൻ
Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.
View all posts