
പെന്തക്കോസ്ത് വിഭാഗത്തെ സംബന്ധിച്ച് വലിയ ചില ചർച്ചകൾ നടന്ന ഒരാഴ്ചയാണ് കടന്നുപോയത്.ഒന്ന് വിഗ്രഹാരാധികൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല എന്ന് എഴുതിയിരുന്ന ഒരു ചുവരെഴുത്ത് വളരെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് മായിപ്പിച്ചു. മറ്റൊന്ന് വളരെ പ്രശസ്തിയാർജിച്ച കുമ്പനാട് കൺവെൻഷന് വളരെ ആളുകൾ കുറവായിരുന്നു എന്ന പ്രചരണം. മൂന്ന് പെന്തക്കോസ്ത് സഭകൾക്കു വേണ്ടി എം.എൽ എയും മന്ത്രിയും ഉണ്ടാകണം നമ്മൾ മത്സരിക്കണം എന്നുള്ള ആഹ്വാനം, അഭിപ്രായം. ഈ വിഷയങ്ങളായിരുന്നു വളരെ ഹൈലൈറ്റ് ആയി കഴിഞ്ഞ ആഴ്ച പെന്തകോസ്ത്കാർ ചർച്ച ചെയ്തത്.
ദൈവം ഏറ്റവും കൂടുതൽ വെറുക്കപ്പെടുന്ന ഒന്നാണ് വിഗ്രഹാരാധന ഈയൊരു ചുവരെഴുത്ത് പലരുടെയും മനസ്സിൽ പ്രകോപനം ഉണ്ടാക്കിയെങ്കിൽ തീർച്ചയായും അവർ ചെയ്യുന്ന പ്രവർത്തിയെ അല്ലെങ്കിൽ വിഗ്രഹ ആരാധനയെക്കുറിച്ച് അവർക്കൊരു ശക്തിമായ ബോധ്യമുണ്ടായി എന്നുള്ളതാണ് നാം മനസ്സിലാക്കേണ്ടത്. എന്നാൽ അത് മായിച്ചു കളയുവാൻ ഉണ്ടായ ഒരു മനസ്സ് അത് തീർത്തും നമുക്ക് അംഗീകരിക്കാൻ കഴിയില്ല. എഴുതാനുള്ള ധൈര്യം കാണിച്ചു എങ്കിൽ എന്തുവന്നാലും ഞാനിത് മായിക്കുകയില്ല ഞാൻ ഇത് ക്രിസ്തുവിനു വേണ്ടി അല്ലെങ്കിൽ ഞാൻ പ്രചരിപ്പിക്കുന്ന വിശ്വാസത്തിൽ ഞാൻ ഉറച്ചുനിൽക്കും എന്ന് പറയാനുള്ള ധൈര്യം അവർക്ക് കാണിക്കാൻ കഴിഞ്ഞില്ല അത് വലിയ ഭീരുത്വമാണ്.
നിലപാടിൽ ഉറച്ചുനിൽക്കാൻ കഴിയാത്തവർ എന്തിനീ സാഹസങ്ങൾ കാണിക്കണം. അതിൻറെ പേരിൽ പിന്നെ ടിവിയിലും സമൂഹമാധ്യമങ്ങളിലും ഉള്ള ചർച്ചകൾ ഒക്കെ എന്തിന്? മതിലിനു മുന്നിൽ കഴിഞ്ഞദിവസം ഒരു വാഹനാപകടം ഉണ്ടായപ്പോൾ അത് വാക്യം മായിച്ചു കളഞ്ഞത് കൊണ്ടാണ് എന്നും വരുത്തി തീർക്കുവാൻ സോഷ്യൽ മീഡിയയിൽ പെന്തക്കോസ്തുകാർ പലരും ശ്രമിച്ചു ഇത് വളരെ ഖേദകരമാണ്. ഇത്തരം അന്ധവിശ്വാസങ്ങളെ പിന്തുടരുന്നത് വളരെ അപലപനീയമാണ്.
കുമ്പനാട് കൺവെൻഷന് ആളു കുറഞ്ഞു എന്ന വിഷയം പ്രോജക്ട് ചെയ്തു കാണിക്കുവാൻ ശ്രമിച്ചു. കുറഞ്ഞാൽ എന്താണ് സംഭവിക്കുന്നത്? പെന്തകോസ്ത് സമൂഹം മുഴുവൻ തകർന്നുപോകുമോ? മറ്റു കാലങ്ങളിലെക്കാൾ ഇന്ന് ജനങ്ങൾ വളരെയധികം തിരക്കുള്ളവരായി മാറിയിരിക്കുന്നു. പലർക്കും ദൂരസ്ഥലങ്ങളിൽ നിന്ന് പഴയതുപോലെ സംബന്ധിക്കാൻ കഴിയുന്നില്ല. അതുകൊണ്ട് അത് വലിയ ഒരു പ്രശ്നമായി പെരുപ്പിച്ചു കാണിച്ച് പെന്തക്കോസ് സമൂഹം തകർന്നു എന്ന് വരുത്തി തീർക്കുവാൻ കാണിക്കുന്ന ശ്രമം വളരെ മോശമാണ്.
മറ്റൊന്ന് പെന്തക്കോസ്തുകാർ ഈ വരുന്ന ഇലക്ഷനിൽ മത്സരിക്കുക എം.എൽ.എ ആവുക മന്ത്രി ആവുക പെന്തക്കോസ്തിന്റെ ശബ്ദമായി മാറുക എന്നതാണ്.
രാഷ്ട്രീയം എന്നാൽ പ്രതിഫലേശ്ച ചൂടാതെ രാഷ്ട്രത്തെ സേവിക്കുക, അതായത് ജനങ്ങളെ സേവിക്കുക എന്നതാണ്. പക്ഷേ അധികാര രാഷ്ട്രീയത്തിൽ ഒരു വിശ്വാസിക്ക് പ്രത്യേകിച്ച് ഒരു പെന്തകോസ്ത് വിശ്വാസിക്ക് ഒരിക്കലും പിടിച്ചുനിൽക്കാൻ കഴിയില്ല എന്നുള്ളതാണ് വളരെ വ്യക്തമായ സത്യം. പക്ഷേ ഇതെല്ലാം വിരൽ ചൂണ്ടുന്നത് ചില പ്രധാനപ്പെട്ട വസ്തുതകളിലേക്കാണ്, പെന്തകോസ്ത് സമൂഹം ശരിയായ ദിശയിൽ അല്ല സഞ്ചരിക്കുന്നതെന്ന വസ്തുതയിലേക്ക്. യഥാർത്ഥമായി നമുക്കുണ്ടായിരുന്ന വിശ്വാസം നമ്മുടെ പ്രത്യാശ, ആത്മീയമായ കാഴ്ചപ്പാടുകൾ ഇവയിൽ നിന്ന് ഒക്കെ നമ്മൾ വ്യതിചലിച്ചുകൊണ്ട് മറ്റ് ലൗകികമായ മാർഗ്ഗങ്ങളിൽ പൂർണമായി സഞ്ചരിക്കുവാൻ ആരംഭിച്ചിരിക്കുന്നു, ചിന്തിക്കുവാൻ തുടങ്ങിയിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ഇത്തരം പ്രവണതകളിൽ നിന്നും നമ്മൾ പിന്തിരിഞ്ഞ് തീർച്ചയായും ക്രിസ്തുവിൻറെ യഥാർത്ഥ സാക്ഷിയാവുക എന്നുള്ളതാണ് ദൈവം നമ്മെക്കുറിച്ച് ഉദ്ദേശിക്കുന്നത്.
ലേഖകൻ
-
Manoj Mathew is a scholar with a strong foundation in theology and journalism, where he merges his passion for faith and storytelling. As a contributor to various Christian periodicals and one of the editors at FaithWire News, he brings insightful perspectives to his readers. A published author, Manoj’s books are a testament to his dedication to sharing meaningful and uplifting narratives.
View all posts



















